ബൈബിളിന്റെ ഭാഷ രൂപകങ്ങളാലു൦ പ്രതീകങ്ങളാലു൦ സമ്പന്നമാണ്. ആത്മീയ സത്യത്തെ പ്രതീകപ്പെടുത്താൻ ബൈബിൾ എഴുത്തുകാർ പരിചിതമായ ദൈനംദിന വസ്തുക്കളെ ഉപയോഗിച്ചു. ബൈബിളിലെ കാവ്യാത്മകവും പ്രാവചനികവുമായ ഭാഗങ്ങളിൽ ചിഹ്നങ്ങൾ വളരെ സാധാരണമാണ്. ഭൌമീകമായ വസ്തുക്കളെ ഉപയോഗിച്ച് വലിയ അർത്ഥങ്ങൾ,ആശയങ്ങൾ ചിത്രീകരിക്കുകയാണ്.ആയിര൦ അക്ഷരങ്ങൾ പറയുന്നത് ഒരു പ്രതീക൦ /ചിത്ര൦ കൊണ്ട് വിശദീകരിക്കാൻ കഴിയും എന്നതാണ് പ്രതീകാത്മക ഭാഷയുടെ സൌകര്യം. ഇതിന് Symbolism എന്നാണ് പറയുന്നത്. ആദിമ എബ്രായ ഭാഷ അക്ഷരങ്ങൾ ആയിരുന്നില്ല. ചിത്ര ലിപികൾ ആയിരുന്നു. ചിത്ര ലിപികൾ നൂറ്റാണ്ടുകൾക്ക് ശേഷം അക്ഷരലിപികളിലേക്ക് മാറ്റി രേഖപ്പെടുത്തുകയായിരുന്നു.ഇസ്രായേലിന്റെ ബാബിലോൺ പ്രവാസകാലത്തു അവർ അടിമകളായി പോയ കാലത്ത് അവരുടെ എബ്രായ ഭാഷയു൦ തിരുവെഴുത്തുകളു൦ നഷ്ടമായിപ്പോയി. പല രാജ്യങ്ങളുടെ കീഴിൽ നൂറ്റാണ്ടുകളോളം അടിമകളായി പാർക്കുന്ന ഒരു ജനവിഭാഗത്തിന് അവരുടെ ഭാഷയു൦ തിരുവെഴുത്തുകളു൦ സംരക്ഷിക്കുക എന്നത് അചിന്തനീയമാണ്. ആ കാലഘട്ടത്തിൽ ആശയങ്ങൾ കൈമാറുന്നതിനാണ് പ്രതീകാത്മക ഭാഷയു൦ സ൦ഖ്യാശാസ്ത്ര ഭാഷാ രീതികളും അപ്പോകാലിപ്റ്റിക് ഭാഷാ രൂപത്തിൽ ഒക്കെ ഇസ്രായേൽ ജനത്തിനിടയിൽ ചിരപ്രതിഷ്ഠ നേടിയത്.
ചില പ്രതീകാത്മക ഭാഷാ പ്രയോഗങ്ങൾ.
+———————————+——————————+—-
ശലോമോൻ തന്റെ മണവാട്ടിയെ “വന വൃക്ഷങ്ങൾക്കിടയിലെ താമര” (ശലോമോന്റെ ഗീതം 2:2) എന്ന് വിളിക്കുമ്പോൾ അഭിലഷണീയതയും അതുല്യതയും സൂചിപ്പിക്കുന്നതിന് അവൻ ചിഹ്നങ്ങൾ ഉപയോഗിക്കുന്നു.
പ്രവചനത്തിലും ധാരാളം ആലങ്കാരിക ചിത്രങ്ങൾ അടങ്ങിയിരിക്കുന്നു. ഏശയ്യാ പ്രവാചകൻ പലപ്പോഴും മരങ്ങളും കാടുകളും ശക്തിയുടെ പ്രതീകങ്ങളായി ഉപയോഗിച്ചു
(ഉദാ. യെശയ്യാവ് 10:18-19; 32:19)
ഡാനിയേൽ “കണ്ണുകൾക്കിടയിൽ കൊമ്പുള്ള ഒരു ആടിനെ” കണ്ടു, അത് “പടിഞ്ഞാറ് നിന്ന് . . . നിലം തൊടാതെ” പറിഞ്ഞു വന്ന കല്ല് (ദാനിയേൽ 8:5), ലോകത്തെ അതിവേഗം കീഴടക്കിയ ഒരു രാജ്യവും (ഗ്രീസ്) അതിന്റെ രാജാവിനേയു൦ (മഹാനായ അലക്സാണ്ടർ) പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.
ബൈബിളിൾ ആലങ്കാരിക ഭാഷയിൽ വിവരിക്കുന്ന സന്ദേശങ്ങളും അവയുടെ പ്രസക്തിയും വിവരണാതീതമാണ്. ഉദാഹരണത്തിന്, പുറപ്പാട് 19:4-ൽ ദൈവം ഇസ്രായേലിനോട് പറയുന്നു, “ഞാൻ നിന്നെ കഴുകന്മാരുടെ ചിറകിൻമേൽ വഹിച്ചു.” ഈ പ്രസ്താവന അക്ഷരാർത്ഥത്തിൽ വായിച്ചാൽ വലിയ അബദ്ധത്തിലേക്ക് നയിക്കും. ദൈവം തന്റെ ജനത്തെ ഈജിപ്തിൽ നിന്ന് എയർലിഫ്റ്റ് ചെയ്തിട്ടില്ല, യഥാർത്ഥ കഴുകന്മാരെ ഉപയോഗിച്ചിട്ടുമില്ല. അത് പൂർണ്ണമായും പ്രതീകാത്മകമാണ്; ദൈവം ഇസ്രായേലിനെ രക്ഷിച്ച വേഗതയും ശക്തിയും ദൈവം മനുഷ്യന് മനസിലാകുന്ന ഭാഷയിൽ വ്യക്തമായി ഊന്നിപ്പറയുകയാണ്. ഇത് ബൈബിൾ വ്യാഖ്യാനത്തിന് മറ്റൊരു അർത്ഥതല൦ നൽകുന്നുണ്ട്. ഒരു ചിഹ്നത്തിന് പ്രതീകാത്മകമല്ലാത്ത അർത്ഥമുണ്ടാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഓരോ രൂപത്തിനും പിന്നിൽ യഥാർത്ഥമായ മൂന്ന് തലങ്ങളിലുള്ള സന്ദേശം കൈമാറുന്നുണ്ട്.
1) ഒരു യഥാർത്ഥ വ്യക്തി ( A real person)
2) ഒരു യഥാർത്ഥ ചരിത്ര സംഭവം( A real History)
3) ഒരു യഥാർത്ഥ സ്വഭാവം.( A real Character)
ഉദാ: മോശ മുൾപടർപ്പു കത്തുന്നത് കണ്ടു. പക്ഷേ അത് വെന്ത് പോയില്ല. അതിന്റെ പിന്നിലെ യഥാർത്ഥ വ്യക്തി ദൈവമാണ്. കഴുകനേപ്പോലെ ചിറകിൽ വഹിച്ചു എന്നത് ദൈവത്തിന്റെ സംരക്ഷണവും കാവലും വേഗതയും ദീർഘവീക്ഷണവു൦ വ്യക്തമാക്കുന്നു. യഥാർത്ഥ സംഭവം ഇസ്രായേലിന്റെ മരുഭൂമി പ്രയാണമാണ്. യെഹൂദാ ഗോത്രത്തിലെ സിംഹം എന്ന് യേശുവിനേകുറിച്ച് എഴുതിയിരിക്കുന്നു. സിംഹം യാഥാർത്ഥ്യമാണ്.സ്വഭാവം യേശുവിനെറ രാജത്വമാണ്.
ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ചില ചിഹ്നങ്ങൾ, പ്രതീകങ്ങൾ ഇതാ:
പഴയ നിയമം
“ഹാനോക്ക് ദൈവത്തോട് കൂടെ നടന്നു. ” Gene 5:24. മനുഷ്യൻ
ദൈവത്തോടൊപ്പം മനുഷ്യൻ അക്ഷരീയമായി നടക്കുന്നത് എങ്ങനെ യാഥാർത്ഥ്യമാകു൦? ഒരാളോടൊപ്പം “നടക്കുക” എന്നാൽ അവനുമായി സഹവസിച്ചും യോജിപ്പിലും ജീവിക്കുക എന്നതാണ്. ദൈവത്തിന് അവിടുത്തെ വിശുദ്ധ സ്വഭാവം പ്രതിഫലിപ്പിക്കുന്ന ( Reflect) രീതിയിൽ മാത്രമേ ജീവിക്കാൻ കഴിയൂ. എന്നതിനാൽ, “ദൈവത്തോടൊപ്പം നടക്കുക” എന്നാൽ അവിടുന്ന് വെച്ചിരിക്കുന്ന പാതയിൽ ജീവിക്കുക ദൈവത്തെ അനുസരിക്കുക എന്നതാണ്.
ഉല്പത്തി 5:22; 6:9; ആവർത്തനം 10:12; ജോഷ്വ 22:5; 1 രാജാക്കന്മാർ 8:23; മീഖാ 6:8
പൊടി, നക്ഷത്രങ്ങൾ, മണൽ:
ദൈവം അബ്രഹാമിനോട് വാഗ്ദാനം ചെയ്ത സന്തതികളുടെ എണ്ണത്തെ പ്രതിനിധീകരിക്കാൻ ബൈബിൾ പലപ്പോഴും ഈ രൂപകങ്ങൾ ഉപയോഗിക്കുന്നു. ഇതിൽ അബ്രഹാമിന്റെ ശാരീരിക സന്തതികളും (ജൂതന്മാരും അറബികളും) അബ്രഹാമിന്റെ ആത്മീയ സന്താനങ്ങളും (വിശ്വാസത്താൽ ജീവിക്കുന്നവർ, ഗലാത്യർ 3:7) ഉൾപ്പെടും.
ഉല്പത്തി 13:16; 15:5; 26:4; 28:14; 32:12; പുറപ്പാട് 32:13; യെശയ്യാവു 48:19; യിരെമ്യാവ് 33:22; എബ്രായർ 11:12
പാലും തേനും ഒഴുകുന്ന ദേശ൦:
ദൈവം പലപ്പോഴും കനാനിനെ “പാലും തേനും ഒഴുകുന്ന ഒരു ദേശം” എന്നാണ് വിളിച്ചിരുന്നത്. അത് അക്ഷരീകമായി വ്യാഖ്യാനിച്ചാൽ അവിടെ നദികളിൽ വെള്ളത്തിന് പകരം പാലും തേനും ഒഴുകിയിരുന്നു എന്നാകു൦. വലിയ അബദ്ധ വ്യാഖ്യാനങ്ങളിൽ ചെന്ന് ചാടു൦.ധാരാളം പാലും തേനും സമൃദ്ധവും ഫലഭൂയിഷ്ഠവുമായ കൃഷിയിടങ്ങൾ, ധാരാളം വെള്ളം, പാലുൽപ്പന്നങ്ങൾക്കുള്ള പുല്ല്, തേനീച്ചകൾക്കുള്ള പൂക്കൾ എന്നിവയുടെ പ്രതീകമായിരുന്നു ആ വാക്ക്. പഴയനിയമ കാലത്ത് പാലും തേനും ഏറ്റവും വിലപിടിപ്പുള്ള രണ്ട് ഭക്ഷണങ്ങളായിരുന്നു, അതുകൊണ്ടുതന്നേ ആ വാക് പ്രയോഗം അഭികാമ്യമാണ്.
(പുറപ്പാട് 3:8; 17; 13:5; 33:3; ലേവ്യപുസ്തകം 20:24; സംഖ്യാപുസ്തകം 13:27; 14:8; 16:13, 14; ആവർത്തനം 6:3; 11:9; 26:9, 15; 27:3; 31:20; ജോഷ്. 5:6; സോളമന്റെ ഗീതം 4:11; 5:1; യെശയ്യാവു 7:22; യിരെമ്യാവ് 11:5, 32:22; യെഹെസ്കേൽ 20:6, 15)
പരിച്ഛേദന ചെയ്യപ്പെട്ട ഹൃദയങ്ങൾ: ശാരീരിക പരിച്ഛേദന ദൈവവും അവന്റെ തിരഞ്ഞെടുത്ത ജനമായ യഹൂദരും തമ്മിലുള്ള ഉടമ്പടിയുടെ അടയാളമായിരുന്നു. ഇത് ഒരു ബാഹ്യ അടയാളമായിരുന്നു. ദൈവം യഥാർത്ഥത്തിൽ ആഗ്രഹിച്ചത് ഒരു ആന്തരിക പരിവർത്തനമായിരുന്നു,അത് പോലെ ഒരു ആത്മീയ പരിച്ഛേദന. ഒരുവന്റെ ഹൃദയം പരിച്ഛേദന ചെയ്യപ്പെടുക എന്നാൽ ദൈവത്തോട് പൂർണ്ണമായി താദാത്മ്യം പ്രാപിക്കുക എന്നതായിരുന്നു അർത്ഥം .പുറമെ വചനം കേൾക്കുക മാത്രം പോരാ; ഉള്ളിലുള്ള അവിടുത്തെ വചനത്താൽ നാം പരിപോഷിപ്പിക്കപ്പെടണം.
ആവർത്തനം 10:16; 30:6; യിരെമ്യാവ് 4:4; 2:28-29
ലെബനനിലെ ദേവദാരുക്കൾ:
ഇസ്രായേലിൽ വലിയ മരങ്ങൾ വളരുന്നതിന് മരുഭൂമി ഒരു പ്രതിസന്ധി യായിരുന്നു. ലെബനനിലെ ദേവദാരു 130 അടി വരെ ഉയരത്തിൽ വളരുന്നു, എട്ടടി വരെ വ്യാസമുണ്ട്. ഈജിപ്തുകാർ പിരമിഡുകൾ നിർമ്മിക്കുന്നതിന് ഉപയോഗിച്ചിരുന്ന റെസിൻ, കപ്പലുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന മരം എന്നിവ അവർ വിശിഷ്ട വസ്തുവായി പരിഗണിച്ചു. ദേവദാരുക്കൾ ബൈബിളിൽ പ്രതീകാത്മകമായി ഉപയോഗിച്ചിരിക്കുന്നത് ശക്തിയെയും വളർച്ചയേയു൦ ദീർഘായുസിനേയു൦ അഭിമാനത്തെയും പ്രതിനിധീകരിക്കാനാണ്.
ന്യായാധിപന്മാർ 9:15; 2 രാജാക്കന്മാർ 19:23; സങ്കീർത്തനം 29:5; 72:16; 104:16; സോളമന്റെ ഗീതം 5:15; യെശയ്യാവു 2:13; 14:8; 37:24; ഹോശേയ 14:5-6; സെഖര്യ 11:1
കല്ലിന്റെയോ മാംസത്തിന്റെയോ ഹൃദയങ്ങൾ:
ദൈവകൃപയോട് പ്രതികരിക്കാൻ കഴിയാത്ത ആത്മീയമായി മരിച്ച ഹൃദയത്തിന്റെ പ്രതീകമാണ് കല്ലായ ഹൃദയം. നമ്മുടെ ശിലാഹൃദയം നീക്കി പകരം ജീവനുള്ള, സ്നേഹനിർഭരമായ ഹൃദയം സ്ഥാപിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു.അക്ഷരീകമായി അത് വ്യാഖ്യാനിച്ചാൽ ഹൃദയത്തിന്റെ മാർദ്ദവ൦ നഷ്ടപ്പെട്ട് കല്ലു പോലെ ആയാൽ അത് പ്രവർത്തനം നിലച്ച് മരണത്തിലേക്ക് നയിക്കുന്നതാകു൦.ആധുനിക വൈദ്യശാസ്ത്രം അത് ശരി വെക്കുന്നു. ഇവിടെ കല്ലായ ഹൃദയം മനുഷ്യഹൃദയത്തിൻറെ ദൈവീകത നഷ്ടപ്പെട്ട് നിർജ്ജീവമായതിൻറെ പ്രതീകമാണ്…………..മനുഷ്യനിലെ ദൈവീകത നഷ്ടമായാൽ സ്നേഹവും ആർദ്രതയും നഷ്ടപ്പെട്ട വെറും ശിലയായി മാറു൦ എന്ന് നമുക്ക് മറക്കാതിരിക്കാ൦…..