തോമാശ്ലീഹാ കേരളത്തില്‍ വന്നിട്ടുണ്ടോ?

0 25
തോമാശ്ലീഹാ കേരളത്തില് വന്നിട്ടുണ്ടോ?
ഈ വിഷയം സംബന്ധിച്ച് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹറു സർവ്വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസർ ഡോ:പയസ് മലേക്കണ്ടത്തിൽ എഴുതിയ ലേഖനത്തിൻറെ മൂന്നാ൦ ഭാഗം.
ഡോ. പയസ് മലേക്കണ്ടത്തില്.
(ചരിത്രവിഭാഗം പ്രൊഫസര്, ജെ.എന്.യു., ന്യൂഡല്ഹി)

 

സമൂഹത്തില് ആധിപത്യമനുഭവിച്ചിരുന്ന നമ്പൂതിരിമാര് ഏഴും എട്ടും നൂറ്റാണ്ടുകളിലെ വന്കുടിയേറ്റത്തിന്റെ ഭാഗമായി വരുന്നവരാണ്. കേരളത്തിലെ നദീതടങ്ങളില് 32 ഗ്രാമങ്ങള് സ്ഥാപിച്ച അവര് മഹോദയപുരം ചേരരാജാക്കന്മാരുടെ കീഴില് പ്രഭുകുടുംബങ്ങളായി വളര്ന്നു.
തോമാശ്ലീഹാ കേരളത്തില് നമ്പൂതിരിമാരെ മാനസാന്തരപ്പെടുത്തിയോ?

 

ഇല്ല. ഏഴും എട്ടും നൂറ്റാണ്ടുകളില് മാത്രം കേരളത്തിലെത്തിയ നമ്പൂതിരിമാര് എന്നറിയപ്പെടുന്ന ബ്രാഹ്മണരെ സെന്റ് തോമസ് മാനസാന്തരപ്പെടുത്തിയിട്ടില്ല. മറ്റു ബ്രാഹ്മണരെ മാനസാന്തരപ്പെടുത്തിയിരിക്കാന് എന്തെങ്കിലും സാദ്ധ്യതയുണ്ടോ? നമുക്കറിയില്ല. പക്ഷേ പാലയൂരിലും മറ്റു പ്രദേശങ്ങളിലും ബ്രാഹ്മണരെ (നമ്പൂതിരിമാരല്ല) സെന്റ് തോമസ് മാനസാന്തരപ്പെടുത്തിയെന്ന ശക്തമായ വാമൊഴി പാരമ്പര്യമുണ്ട്. എഡി നാലാം നൂറ്റാണ്ടിലെ വി. ജെറോമിന്റെ രചനയിലുള്ളതാണ് ഇതു സംബന്ധിച്ച ഏറ്റവും പഴയ പരാമര്ശം: “ബ്രാഹ്മണരോടു സുവിശേഷം പ്രസംഗിക്കാന്” (ut Christus apud Brachmanas praedicaret) സെന്റ് തോമസ് പോയെന്നാണ് അദ്ദേഹമെഴുതിയത്. എത്ര പേരെ, എപ്രകാരം എന്നിങ്ങനെയുള്ള വിശദാംശങ്ങളൊന്നും അതിലില്ല.

 

അതെന്തായാലും, ഇതു സംബന്ധിച്ച ചില നിഗമനങ്ങളിലെത്താന് സെന്റ് തോമസ് ക്രൈസ്തവരുടെ ഇടയില് നിലവിലുണ്ടായിരുന്ന ചില ആചാരങ്ങള് നമ്മെ സഹായിക്കുന്നുണ്ട്.

1) പതിനെട്ടാം നൂറ്റാണ്ടു വരെ സെന്റ് തോമസ് ക്രൈസ്തവര് പൂണൂലിടുകയും കുടുമി വയ്ക്കുകയും ചെയ്തിരുന്നു. ജനന, മരണങ്ങളോടു ബന്ധപ്പെട്ടു പുല ആചരിക്കുന്ന പതിവുണ്ടായിരുന്നു. ഇത് ജൊര്നാദയും ഇറ്റാലിയന് ജെസ്യൂട്ട് റോബര്ട്ട് ഡിനോബിലിയും പറഞ്ഞിട്ടുള്ളതാണ്. ഈ ആചാരം എങ്ങനെ വന്നു? ബ്രാഹ്മണര്ക്കു പുറമെ പൂണൂലിടാന് അധികാരമുള്ള ഏകവിഭാഗമായിരുന്നു സെന്റ് തോമസ് ക്രൈസ്തവര്. ബ്രാഹ്മണര് എന്തുകൊണ്ട് ക്രൈസ്തവരെ അതിന് അനുവദിച്ചു? ജാതിവ്യവസ്ഥയില് രണ്ടാം സ്ഥാനമനുഭവിച്ചിരുന്ന നായന്മാര് പോലും പൂണൂല് ഇട്ടിരുന്നില്ല. നമ്പൂതിരിമാര് ക്രൈസ്തവര്ക്കു നല്കിയിരുന്നത് ഏതാണ്ട് വൈശ്യരുടെ പദവിയാണ്. എന്നാല് എട്ടും പതിമൂന്നും നൂറ്റാണ്ടുകള്ക്കിടയില് തൊഴിലിന്റെ അടിസ്ഥാനത്തില് നമ്പൂതിരിമാര് ജാതിവ്യവസ്ഥ കെട്ടിപ്പടുക്കുന്ന കാലത്ത് ബ്രാഹ്മണപദവിയുമായി ബന്ധപ്പെട്ട പൂണൂല് ഉപയോഗിക്കാനോ നിലനിറുത്താനോ ഉളള അധികാരം സെന്റ് തോമസ് ക്രൈസ്തവര്ക്ക് നല്കിയതെന്തിന്? നമ്പൂതിരി ബ്രാഹ്മണര് വരുന്നതിനു മുമ്പു തന്നെ ഇവിടെയുണ്ടായിരുന്ന ബ്രാഹ്മണകുടുംബങ്ങളുമായി സെന്റ് തോമസ് ക്രൈസ്തവര്ക്കുണ്ടായിരുന്ന ബന്ധം മൂലമായിരുന്നിരിക്കില്ലേ അത്?

 

ചില സെന്റ് തോമസ് ക്രൈസ്തവ കുടുംബങ്ങളില് ആദ്യ നൂറ്റാണ്ടുകള് മുതല് തന്നെ തുടര്ച്ചയായ ഒരുതരം പൗരോഹിത്യനൈരന്തര്യം നിലനിന്നു പോന്നതായി കാണാം. എല്ലാ തലമുറകളിലും ചുരുങ്ങിയത് ഒരു പുരോഹിതനെങ്കിലും കാണും. ഇത്തരം കുടുംബങ്ങളിലേറെയും ബ്രാഹ്മണിക പിന്തുടര്ച്ച അവകാശപ്പെടുന്നവരായിരുന്നു. പൗരോഹിത്യത്തിന്റെ നൈരന്തര്യം ഇത്തരം കുടുംബങ്ങളുടെ ബ്രാഹ്മണികവേരുകളില് നിന്നുള്ളതാണോ? താഴ്ന്ന ജാതികളിലെ കൈത്തൊഴിലുകാര് നല്കുന്ന പാത്രങ്ങളും എണ്ണയും മറ്റും ശുദ്ധമാക്കാന് ചില ക്രൈസ്തവകുടുംബങ്ങളിലെ അംഗങ്ങളെ കൊണ്ടു തൊടുവിക്കുന്ന ആചാരം ഹൈന്ദവക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും ഉണ്ടായിരുന്നു. ഇതിനായി അത്തരം കുടുംബങ്ങളെ അമ്പലങ്ങള്ക്കും കൊട്ടാരങ്ങള്ക്കുമരികില് ഭൂമി നല്കി പാര്പ്പിക്കുകയും ചെയ്യുമായിരുന്നു. (“തൈലാദി വസ്തുക്കളശുദ്ധമായാല് പൗലോതു തൊട്ടാലതു ശുദ്ധമായിടും.”) തൊടുക എന്നു പറഞ്ഞാല് അതൊരു ആചാരപരമായ കര്മ്മമായിരുന്നു. എട്ടാം നൂറ്റാണ്ടു മുതല് കേരളത്തിലെ ആചാരങ്ങളുടെ ആധികാരികസ്രോതസ്സായിരുന്ന നമ്പൂതിരിമാര്, മതം വ്യത്യസ്തമായിട്ടും അത്തരമൊരു അധികാരം എന്തിനു ചില സെന്റ് തോമസ് ക്രൈസ്തവര്ക്ക് അനുവദിച്ചു നല്കി? ഏതെങ്കിലും ചില ക്രൈസ്തവകുടുംബങ്ങള്ക്കു ആചാരപരമായി ഈ പദവി നല്കാന് കഴിയുന്ന ലഘുവായ എന്തെങ്കിലും ബ്രാഹ്മണികബന്ധങ്ങള് ഉണ്ടായിരുന്നിരിക്കാം എന്ന സൂചനയാണിതില് നിന്നു ലഭിക്കുന്നത്. ഏതായാലും ഒന്നാം നൂറ്റാണ്ടില് ബ്രാഹ്മണര് ക്രൈസ്തവരായി മതംമാറിയിട്ടുണ്ടെന്നു പറഞ്ഞാല് തന്നെയും, അക്കാലത്ത് യാതൊരു സാമൂഹികാധിപത്യവും ആ സമൂഹം അനുഭവിച്ചിരുന്നില്ല എന്നതു വ്യക്തമാണ്.

 

സെന്റ് തോമസ് ക്രൈസ്തവര് ഒരു തരം “സാമൂഹ്യമേധാവിത്വം” അനുഭവിച്ചിരുന്നോ? എങ്കില് അതെവിടെ നിന്നു വന്നു?
മറ്റു നിരവധി വിഭാഗങ്ങള്ക്കു സാമൂഹ്യമായി മുകളിലായാണ് സെന്റ് തോമസ് ക്രൈസ്തവര് സ്വയം കണ്ടിരുന്നതെന്ന് വിവിധ ചരിത്രരേഖകള് പറയുന്നുണ്ട്. ക്രൈസ്തവികത ഉയര്ത്തിപ്പിടിക്കുന്ന സമത്വചിന്തയ്ക്കു വിരുദ്ധമാണിത്. ഈ സമൂഹം കാലക്രമത്തില് മറികടക്കുവാന് പരിശ്രമിച്ച ചുരുക്കം സാമൂഹ്യ പ്രശ്നങ്ങളിലൊന്നുമാണിത്. പക്ഷേ ഈ മേധാവിത്വ ചിന്ത സെന്റ് തോമസിന്റെ പ്രേഷിതത്വവുമായി ബന്ധപ്പെട്ടതല്ല. മറിച്ച് നൂറ്റാണ്ടുകളിലൂടെ രൂപംകൊണ്ട അനേകം സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാലുള്ളതാണ്. ഈ സമൂഹത്തിലേയ്ക്ക് സവര്ണബോധം കയറിക്കൂടിയതെങ്ങനെയെന്നത് ചരിത്രപരമായ പശ്ചാത്തലത്തില് നിറുത്തി അപഗ്രഥിച്ചാല് പല കാരണങ്ങള് കാണാനാകും. മധ്യകാലത്ത് കേരളസമൂഹം അധികാരശ്രേണികള് രൂപീകരിക്കുകയും വ്യത്യസ്ത അടരുകളായി രൂപപ്പെടുകയും ചെയ്ത കാലത്ത് വിഭവശേഷിയുള്ള ഓരോ സമൂഹവും സ്വയം ഉയര്ന്ന നിലയില് പ്രതിഷ്ഠിക്കാന് ശ്രമിച്ചു. ഭരണാധികാരികളോടോ മറ്റു അധീശത്യവിഭാഗങ്ങളോടോ ഉള്ള ബന്ധങ്ങള് അതിനായി ഉപയോഗിച്ചു. വ്യാപാരികളെന്ന സ്വാധീനം മൂലം പ്രാദേശിക ഭരണാധികാരികളോട് വളരെ അടുത്ത ബന്ധമാണ് സെന്റ് തോമസ് ക്രൈസ്തവര് പുലര്ത്തിയിരുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ കര്ഷകര്, നാടുവാഴികളുടെ സൈനികര് തുടങ്ങിയ ബന്ധങ്ങളും അവര്ക്കുണ്ടായിരുന്നു. ഈ സമൂഹത്തിനുണ്ടായിരുന്ന വലിയ സമ്പത്തും വിഭവശേഷിയും മൂലം വിവിധ നാടുവാഴികള് ഇവര്ക്ക് നിരവധി സാമൂഹ്യ-സാമ്പത്തിക അവകാശങ്ങള് അനുവദിച്ചു. വാണിജ്യ ഇളവുകളും പക്ഷപാതപരമായ പരിഗണനകളും ലഭിച്ചു. ഇതെല്ലാം അവരുടെ സാമൂഹ്യപദവിയും സാമ്പത്തികസ്ഥിതിയും രാഷ്ട്രീയശക്തിയും അരക്കിട്ടുറപ്പിച്ചു. ഈ ക്രൈസ്തവസമൂഹത്തിലെ ചിലര് പൂഞ്ഞാര് കര്ത്ത, തെക്കുംകൂര് രാജാവ്, ആലങ്ങാടു മങ്ങാട്ടു കൈമള് തുടങ്ങിയവരുടെ മന്ത്രിമാരായി സേവനം ചെയ്തിരുന്നു. മധ്യകാലത്തിലെ ഈ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സെന്റ് തോമസ് ക്രൈസ്തവര്ക്കിടയിലേയ്ക്കു സവര്ണചിന്തയും മേല്ജാതി ബോധവും ഒക്കെ കടന്നു കയറാന് തുടങ്ങിയത്. ജോര്നാദ ഇതു സാക്ഷ്യപ്പെടുത്തുന്നുണ്ട്. എട്ടു മുതല് പതിമൂന്നു വരെ നൂറ്റാണ്ടുകളില് സാമൂഹ്യ-സാമ്പത്തിക ക്രമം രൂപപ്പെടുത്തിയ നമ്പൂതിരിമാര് സെന്റ് തോമസ് ക്രൈസ്തവര്ക്ക് ഇതനുസരിച്ചുള്ള ഉയര്ന്ന പദവി നല്കാന് തയ്യാറായി. നാടുവാഴികളും മറ്റ് അധീശവിഭാഗങ്ങളുമായുള്ള ബന്ധത്തിലൂടെയാണു ഉയര്ന്ന സാമൂഹിക പദവി തങ്ങള്ക്കു ലഭിച്ചതെന്നു മനസ്സിലാക്കാതെ പിന്നീടു ഈ സമൂഹത്തിലെ ചിലര് സ്വ ന്തം സാമൂഹ്യമേല്സ്ഥിതിയെ വിശദീകരിക്കുന്നതിനു തങ്ങളുടെ ഭൂതകാലത്തെ നമ്പൂതിരി ബ്രാഹ്മണരുമായി ബന്ധപ്പെടുത്തിയത് ചരിത്രപരമായ ഒരു അബദ്ധമായിരുന്നു……..
Leave A Reply

Your email address will not be published.